കുറ്റപ്പെടുത്തുമ്പോൾ
ഒരാളുടെ പ്രവൃത്തിയിലോ പെരുമാറ്റത്തിലോ ഉള്ള അപാകതകൾ ചൂണ്ടിക്കാണിക്കുന്നതിനെയാണ് നാം കുറ്റം പറയുകയെന്നു പറയുന്നത്. ‘എങ്ങനെ പറയുന്നു’ എന്നത് അനുസരിച്ചു കുറ്റം പറയുകയെന്നോ, തെറ്റ് തിരുത്തുകയെന്നോ ഒക്കെ പറയാമെങ്കിലും കേൾക്കുന്ന വ്യക്തിക്ക് എല്ലാം കുറ്റം പറയൽ തന്നെയാണ്. നമുക്കാർക്കും നമ്മുടെ കുറ്റങ്ങളും കുറവുകളും മറ്റുള്ളവർ ചൂണ്ടിക്കാണിക്കുന്നത് ഇഷ്ടമല്ല. നമുക്കതിൽ വിരോധമില്ല എന്ന് പുറമെ കാണിച്ചാലും ഉള്ളിന്റെയുള്ളിൽ നമുക്ക് അത് ഇഷ്ടപ്പെടുകയില്ല തന്നെ. അങ്ങനെയാണെന്നിരിക്കിലും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും വിവരിക്കുന്നതിലും വിസ്തരിക്കുന്നതിലും നാമെല്ലാവരും മുൻപന്തിയിൽ തന്നെ. കുറ്റം പറയുക എന്നത് ഒരു ആഗോള പ്രതിഭാസം തന്നെയാണ്. പത്രങ്ങളിലും ചാനൽ ചർച്ചകളിലും സീരിയലുകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം കുറ്റം പറച്ചിലുകൾ തന്നെ. എന്താണ് ഈ കുറ്റംപറച്ചിലിന്റെ മനഃശാസ്ത്രം?
മനുഷ്യൻ ഒരു സമൂഹജീവിയാണല്ലോ. അതിനാൽ തന്നെ അവനിൽ ജനിതകമായി പല വാസനകളും അന്തര്ലീനമാണ്. മറ്റുള്ളവരെക്കാൾ മുന്പന്തിയിലെത്തണം എന്നത് അതിലുൾപ്പെട്ടതാണ്. തന്റെ കൂടെയുള്ളവരേക്കാൾ മികച്ചതാവുക എന്നത് ഒരു ജീവിയുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണല്ലോ. അതിനുള്ള സാഹചര്യം പ്രകൃത്യാ തന്നെ ലഭിക്കുമ്പോൾ ഒരാൾ മറ്റുള്ളവരുടെ കുറവുകളിൽ നിന്നും ശ്രദ്ധ മാറ്റി തന്റെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ അതിനു വിപരീതമായി തന്റെ കഴിവുകളേക്കാൾ മറ്റുള്ളവരുടെ കുറവുകളിൽ ശ്രദ്ധ നൽകുന്നവർ ധാരാളം. അങ്ങനെയുള്ളവർ സദാ സമയം മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും വിളിച്ചു പറഞ്ഞു കൊണ്ടിരിക്കും. അങ്ങനെ ചെയ്യുന്നതിലൂടെ താൻ അവരെക്കാൾ മികച്ചതാണ് എന്നതു സ്ഥാപിക്കലാണ് ലക്ഷ്യം.
ചില കൂട്ടർ പെർഫെക്ഷനിസ്റ്റുകളായിരിക്കും. ഏതു കാര്യവും അവരുടെ അളവുകോലിൽ അളന്നു നോക്കി പെർഫെക്റ്റ് ആയാലേ അവർക്ക് തൃപ്തി വരൂ. ഇങ്ങനെയുള്ളവരുടെ കൂടെ ഇടപഴകുന്നവരുടെ കാര്യമാണ് കഷ്ടം. കാരണം ഇങ്ങനെയുള്ളവർ അവരുടെ കൂടെയുള്ളവരെ സദാ തിരുത്തിക്കൊണ്ടിരിക്കും. “ഇങ്ങനെ ചെയ്തത് ശരിയായില്ല, ഇങ്ങനെ ചെയ്താൽ മതിയായിരുന്നു” എന്നിങ്ങനെ. പെർഫെക്ഷനിസ്റ്റുകളുടെ മക്കൾ പൊതുവെ ആത്മവിശ്വാസക്കുറവ് അനുഭവിക്കുന്നവരായി കാണാറുണ്ട്. കാരണം, മാതാപിതാക്കളുടെ അമിതമായ ഇടപെടലുകളും തെറ്റ് തിരുത്തലും തന്നെ. ഇങ്ങനെയുള്ളവർ സ്വയമേ തന്നെയും സദാ കുറ്റം പറയുന്നവരായിരിക്കും. “ഞാൻ ഇങ്ങനെ ചെയ്തത് ശരിയായോ, ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ഒന്ന് കൂടെ നന്നായേനെ” എന്നിങ്ങനെ. ജീവിതം അളന്നു മുറിച്ചു ജീവിക്കുന്ന ഇവർ പലപ്പോഴും ജീവിതം ആസ്വദിക്കാൻ മറന്നു പോകാറുണ്ട്.
നമുക്കാർക്കും സ്വന്തം കുറ്റങ്ങളും കുറവുകളും കേൾക്കുന്നത് ഇഷ്ടമല്ലെന്നു പറഞ്ഞുവല്ലോ. അപ്പോൾ നമ്മളിൽ ഭൂരിഭാഗം പേരും ചെയ്യുന്നതെന്തെന്നോ? ആരാണോ നമ്മുടെ കുറവ് ചൂണ്ടിക്കാട്ടിയത് അവരുടെ കുറ്റം കണ്ടുപിടിക്കും. എന്നിട്ട് അത് വച്ച് തിരിച്ചുടിക്കും. സ്വന്തം തെറ്റുകൾ സമ്മതിക്കാത്തത് നമ്മുടെ നാട്ടിൽ ഭൂരിഭാഗം പേർക്കും ഉള്ള പ്രശ്നമാണ്. തെറ്റുകുറ്റങ്ങൾ ക്ഷമിച്ചു മനുഷ്യരെ അങ്ങനെ തന്നെ അംഗീകരിക്കുക എന്ന സമ്പ്രദായം നമ്മുടെ നാട്ടിൽ ഇല്ലാത്തതിന്റെ പരിണിതഫലമാണിത്. ഒരാളുടെ ഭാഗത്തു നിന്നും ഒരു തെറ്റു സംഭവിച്ചാൽ അത് ചൂണ്ടിക്കാണിക്കാതെ നമുക്കാർക്കും സമാധാനമില്ലല്ലോ. എന്നാൽ അയാൾ ചെയ്യുന്ന നന്മകൾ നമുക്കാർക്കും കാണേണ്ടതാനും. ഇതിനാൽ തന്നെയാണ് നമുക്ക് നമ്മുടെ തെറ്റുകുറ്റങ്ങൾ സമ്മതിച്ചു നൽകാൻ ഇത്ര പ്രയാസം. പകരം കുറ്റം പറയുന്നവരെ തിരിച്ചു ആക്രമിക്കുക എന്ന തന്ത്രം നാം പയറ്റിക്കൊണ്ടേയിരിക്കുന്നു.
കുറ്റപ്പെടുത്തലിന്റെ ഏറ്റവും വലിയ ഇരകൾ ആരെന്നു ചോദിച്ചാൽ അത് കുട്ടികൾ തന്നെ. മുതിർന്നവർ കുറ്റം പറയുമ്പോൾ മിണ്ടാതെ അത് കേൾക്കാൻ മാത്രമല്ലേ അവർക്ക് സാധിക്കൂ. കുറച്ചു കൂടെ വലുതാവുമ്പോൾ, അതായത് ഒരു കൗമാരപ്രായമാകുമ്പോളേക്ക് അവർ പ്രതികരിച്ചുതുടങ്ങും. അപ്പോൾ ആർക്കും അത് സ്വീകാര്യമായിക്കൊള്ളണമെന്നില്ല. കുഞ്ഞുങ്ങളുടെ തെറ്റ് തിരുത്താൻ പൊതുവെ മാതാപിതാക്കൾ ഉപയോഗിക്കുന്ന മാർഗ്ഗം അത് ചൂണ്ടിക്കാട്ടി അവ തിരുത്താൻ കുഞ്ഞുങ്ങളോട് നിർദ്ദേശിക്കുക എന്നതോ, അതവർ അനുസരിക്കാതെ വരുമ്പോൾ വഴക്ക് പറയുക, അടിക്കുക, ചീത്ത വിളിക്കുക എന്നിവയെല്ലാം ആണ്. എന്നാൽ ഈ പറയുന്ന രീതിയിലുമുണ്ട് പ്രാധാന്യം. ഏതു കാര്യവും നമുക്ക് സൗമ്യമായും അല്ലാതെയും പറയാം. പലപ്പോഴും കാര്യങ്ങൾ മാതാപിതാക്കൾ പറയുന്ന രീതിയാണ് പ്രശ്നം. അത് കുഞ്ഞുങ്ങളിൽ ‘തന്നെ തന്റെ മാതാപിതാക്കൾ വിലമതിക്കുന്നില്ല’ എന്നും, ‘താൻ ഒരു മോശം കുട്ടിയാണ് എന്നാണ് അവർ കരുതുന്നത്’ എന്നും, ‘തന്നെ എല്ലാവരും കുറ്റം പറയുകയാണ്’ എന്നുമെല്ലാമുള്ള ചിന്തകൾ സൃഷ്ടിച്ചേക്കാം. ഇവയെല്ലാം കുട്ടികളിൽ അപകർഷതാബോധം ഉളവാക്കുന്നവയാണ് എന്നതിൽ സംശയമില്ല താനും. അതിനാൽ തന്നെയാണ് കുഞ്ഞുങ്ങളോട് എങ്ങനെ സംസാരിക്കാം എന്നതിനേക്കുറിച്ചു മാതാപിതാക്കളും അധ്യാപകരും ബോധവാന്മാരാകേണ്ടത്.
കുട്ടികളോടായാലും ഭാര്യാഭർത്താക്കന്മാരിൽ തമ്മിലായാലും പലപ്പോഴും ഉയർന്നു വരുന്ന പരാതി തന്നെയാണ് ‘തന്നെ നിരന്തരം കുറ്റം പറയുന്നു’ എന്നത്. കുറ്റം പറയുന്നതാണ് ഇവിടെ വില്ലൻ എന്ന് നമുക്ക് തോന്നാറുണ്ടെങ്കിലും മിക്കപ്പോഴും ഇവിടെ യഥാർത്ഥ വില്ലൻ അംഗീകാരത്തിന്റെ അഭാവമായിരിക്കും. കുട്ടിയോ ഭാര്യയോ ഭർത്താവോ ചെയ്യുന്ന നല്ല കാര്യങ്ങൾക്കും നല്ല പെരുമാറ്റത്തിനും അംഗീകാരം നൽകാതെയും പ്രശംസിക്കാതെയും കണ്ടെന്ന ഭാവം വയ്ക്കാതെയും ആ വ്യക്തിയുടെ മോശം കാര്യങ്ങൾ മാത്രം ഉയർത്തിക്കാട്ടുമ്പോൾ തന്റെ കുറ്റം മാത്രം പറയുകയാണ് എന്ന തോന്നൽ ഉളവാകുന്നു. ഇവിടെ പരിഹാരം വളരെ ലളിതമാണ്. നല്ല കാര്യങ്ങൾ, മനോഭാവം, പെരുമാറ്റം എന്നിവ കണ്ടെത്തി അനുമോദിക്കുക, നാം അവരെ വിലമതിക്കുന്നു എന്ന സന്ദേശം നൽകുക എന്നതാണത്. പറയുന്നത് പോലെ അതത്ര എളുപ്പമല്ല. കുറ്റങ്ങൾ നമ്മുടെ കണ്ണിലുടക്കുന്നത് പോലെ നല്ലകാര്യങ്ങൾ നമ്മുടെ ശ്രദ്ധയിൽ പെടില്ല. അതിനു നാം വളരെയധികം ശ്രദ്ധ ചെലുത്തണമെന്നു മാത്രം.
സമൂഹമാധ്യമങ്ങളിൽ ഇന്ന് നിറയുന്ന കുറ്റപ്പെടുത്തലുകളുടെ അളവ് വളരെയധികമാണ്. എന്തിനും ഏതിനും അഭിപ്രായമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ എപ്പോൾ എങ്ങനെ അത് പ്രകടിപ്പിക്കണം എന്നതിൽ നാം അൽപ്പം കൂടെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ വേദനിപ്പിക്കാതെയും മറ്റുള്ളവരുടെ താല്പര്യങ്ങളെ അംഗീകരിച്ചും അഭിപ്രായം പ്രകടിപ്പിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് വായിക്കുകയും കാണുകയും ചെയ്യുന്ന എല്ലാവർക്കും നെഗറ്റിവിറ്റി പരത്തുക എന്നതായിരിക്കും അതിൽ നിന്നും ലഭിക്കുന്ന ആകെ ഫലം.
എങ്ങനെ കുറ്റപ്പെടുത്താതെ നമ്മുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം? പലപ്പോഴും പല അവസരങ്ങളിൽ നമുക്ക് സഹായകമാകുന്ന ഒരു കാര്യമാന് അതു. അതിനു ചെയ്യേന്ടത് ഇത്ര മാത്രം- മറ്റുള്ളവരെ കുറിച്ചു പറയാതെ സ്വന്തം കാര്യം മാത്രം പറയുക. ഉദാഹരണത്തിന്, ‘ നീ ഇങ്ങനെയാണോ മുടി വെട്ടുന്നത്, വളരെ വൃത്തിക്കേടായിട്ടുന്ട്’ എന്ന് പറയുന്നതിന് പകരം ‘എനിക്ക് നീ ഇങ്ങനെ മുടി വെട്ടുന്നതിനേക്കാൾ ഇഷ്ടം പകരം ഇങ്ങനെ കെട്ടുന്നതാണ്’ എന്ന് പറയാം. മറ്റൊരു സൂത്രം – എങ്ങനെ മെച്ചപ്പെടുത്താം എന്ന ഒരു നിർദ്ദേശം കൂടെ നൽകാം. നേരത്തെ സൂചിപ്പിച്ച ഉദാഹരണത്തിൽ ‘ഇതിനു പകരം ഈ ഹെർസ്റ്റൈൽ ഒന്ന് ശ്രമിച്ചു നോക്കാമോ’ എന്ന് ചോദിക്കാം. ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തിൽ നാം അമിതമായി കൈകടത്തുന്നത് ശരിയല്ല എന്ന് നാം ഓർത്തേ പറ്റൂ. പിന്നെ നമ്മുടെ എല്ലാ തോന്നലുകളും എല്ലാവരെയും വിളിച്ചറിയിക്കേണ്ട ആവശ്യമില്ല എന്നും.
കൂടാതെ ഒരാളെ കുറ്റം പറയുന്നതിന് മുൻപ് അയാളെ നാം വേണ്ട പോലെ അഭിനന്ദിക്കാറുണ്ടോ എന്നും ചിന്തിക്കാം. പരസ്പരം അംഗീകരിച്ചു കൊണ്ടുള്ള ബന്ധങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയാലും കേൾക്കുന്നവരെ അത് വേദനിപ്പിക്കില്ല. കൂടാതെ ആ വ്യക്തിയുടെ ശ്രമത്തെ എടുത്തു പറഞ്ഞതിനും, അയാൾക്ക് പറയാനുള്ളത് കേട്ടതിനും ശേഷമേ കുറ്റങ്ങൾ വിസ്തരിക്കാവൂ. അപ്പോൾ അവർ അത് കൂടുതലായി മുഖവിലക്കെടുക്കാൻ ശ്രദ്ധിച്ചേക്കാം. എന്തും പറയുന്നതിന്റെ രീതിയിലാണല്ലോ പ്രാധാന്യം.