ശബ്ദത്തിന്‍റെ മന:ശാസ്ത്രം
ഡോ: ചന്ദന ഡി. കറത്തുളളി
ശബ്ദവും മന:ശാസ്ത്രവും തമ്മില്‍ എന്തു ബന്ധം? അല്ലേ! ശബ്ദത്തിന് നമ്മുടെ മാനസിക വികാരങ്ങളുമായി ബന്ധമുണ്ട്. വികാരങ്ങള്‍ക്ക് ശബ്ദത്തെ സ്വാധീനിക്കാനും, ശബ്ദത്തിന് വികാരങ്ങളെ സ്വാധീനിക്കാനും സാധിക്കും.
ശബ്ദത്തെ നമുക്ക് മൂന്നായി തിരിക്കാം – അലോസരപ്പെടുത്തുന്ന ഒച്ച, സസാരം, സംഗീതം. ഇവയില്‍ ഓരോന്നിനും നമ്മെ സ്വാധീനിക്കാനുളള കഴിവുണ്ട് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. വളരെ സമാധാനപരമായ അന്തരീക്ഷം എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ തെളിയുന്നത് ശബ്ദകോലാഹലമില്ലാത്ത ഒരു സാഹചര്യമായിരിക്കും. പ്രസന്നമായ പ്രകൃതിയിലെ ശബ്ദങ്ങള്‍ നമുക്ക് ശാന്തതയും സമാധാനവും പകരുമ്പോള്‍ ഉയര്‍ന്ന ഒച്ചയോടെയുളളതും ബഹളമയമായതുമായ ശബ്ദങ്ങള്‍ നമ്മുടെ സ്വസ്ഥത കെടുത്തുന്നു. ശാന്തത നിറഞ്ഞ മനസ്സിനു മാത്രമേ കൂടുതല്‍ മികച്ചതായി ചിന്തിക്കാനും പെരുമാറാനും സാധിക്കൂ. പലരും പറയുന്ന ഒരു പരാതിയാണ് അമിതമായ ടെന്‍ഷന്‍ എന്നത്. ടെന്‍ഷന്‍ എന്ന വാക്കു കൊണ്ടുദ്ദേശിക്കുന്നത് സ്വസ്ഥതയില്ലാത്ത മനസ്സിന്‍റെ അവസ്ഥയാണ്. നമുക്ക് ചുറ്റുമുളള സാഹചര്യത്തിലും നമ്മുടെ മനസ്സിലും ഒരുപോലെ ശാന്തത കൈവരിക്കുക എന്നത് അതിന് ഒരു പരിഹാരമാണ്. ചിന്തകളുടെ മേല്‍ നിയന്ത്രണമുണ്ടാകുവാനും മികച്ച വൈകാരികാവസ്ഥ ഉണ്ടാക്കിയെടുക്കാനുമെല്ലാം ശാന്തത അത്യന്തപേക്ഷിതം തന്നെ.
അലോസരപ്പെടുത്തുന്ന ഒച്ച കൊണ്ട് മനസ്സിന്‍റെ ശാന്തത മാത്രമല്ല നഷ്ടപ്പെടുന്നത്, മാനസികസംഘര്‍ഷം കൂട്ടുകയും, ഓര്‍മ്മശക്തി പഠിക്കാനുളള കഴിവ് – ശ്രദ്ധ എന്നിവ കുറയ്ക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങള്‍ സൂചപ്പിക്കുന്നു. ശബ്ദമലിനീകരണം നിറഞ്ഞ സ്ഥലങ്ങളില്‍ നടത്തിയിട്ടുളള പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്തെന്നാല്‍ – ശബ്ദമുഖരിതമായ അന്തരീക്ഷം നമ്മുടെ ഉത്കണ്ഠ, വിഷാദം, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിപ്പിക്കുന്നുവെന്നും, ദീര്‍ഘകാലാടിസ്ഥാന ത്തില്‍ അത്തരത്തിലുളള സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് ഹൃദ്രോഗം വരാനുളള സാധ്യത കൂടുതലാണെന്നതുമാണ്. ടി.വി.യില്‍ നിന്നുളള ബഹളമാണെങ്കിലും, ഹോണടി ശബ്ദമാണെങ്കിലും, വഴക്കു കൂടുമ്പോഴുളള ബഹളമാണെങ്കിലും അവയെല്ലാം നമ്മുടെ ശരീരത്തില്‍ പല വ്യതിയാനങ്ങളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ ശരീരത്തിലെ ഹൃദയമിടിപ്പ്, ശ്വാസഗതി എന്നിവ വര്‍ദ്ധിപ്പിക്കുകയും, ശരീരം സ്വാഭാവികമായും ഒരു സ്റ്റ്രെസ് അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നു. തലച്ചോറിലെ അമിഗ്ഡല, ഹൈപ്പോതലാമസ് എന്നിവയുടെ പ്രവര്‍ത്തനഫലമായി സ്റ്റ്രെസ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കാകട്ടെ നമ്മുടെ ആരോഗ്യത്തെ തന്നെ സ്വാധീനിക്കാനുളള ശേഷിയുണ്ട്. ഇത് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം, രക്തക്കുഴലുകളുടെ ആരോഗ്യം, ചിന്താശേഷി, വൈകാരികനിയന്ത്രണം എന്നിവ അവതാളത്തിലാക്കുമെന്ന് സംശയമില്ല.
ഇനി ഉയര്‍ന്ന സ്വരത്തിലുളള സംഭാഷണവും വഴക്കും വക്കാണവും ബഹളവും എല്ലാം അലോസരപ്പെടുത്തുന്നതു തന്നെയെന്ന് സംശയമില്ല. ഈ ബഹളത്തില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും നമ്മളും നിയന്ത്രണമില്ലാതെ ദേഷ്യപ്പെടാനും മറ്റുളളവരുടെ മാനസികസ്വസ്ഥത നശിപ്പിക്കാനും സാധ്യതയേറെയാണ്. ഉദാഹരണത്തിന്, നമ്മുടെ കുട്ടികള്‍ പരസ്പരം വഴിക്കിടുകയും നിര്‍ത്താതെ കരയുകയാ ണെന്നുമിരിക്കട്ടെ. സ്വാഭാവികമായും നമ്മളും ദേഷ്യപ്പെട്ടായിരിക്കും അവരോട് പ്രതികരിക്കുന്നത്. നമ്മുടെ ദേഷ്യമാകട്ടെ അവരുടെ ബഹളം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഇത്തരത്തിലാണ് ശബ്ദം നമ്മുടെ വികാരങ്ങളെയും, വികാരങ്ങള്‍ ശബ്ദത്തേയും സ്വാധീനിക്കുന്നത്.
ഇനി അടുത്ത തരം ശബ്ദമാണ് സംഗീതം. സംഗീതത്തിന് നമ്മെ സ്വാധീനിക്കാനുളള കഴിവ് ഉണ്ടെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവാനിടയില്ല. സിനിമകളില്‍ ഉപയോഗിക്കുന്ന പശ്ചാത്തലസംഗീതം മുതല്‍ പാട്ടുകള്‍ വരെ നമ്മുടെ വികാരങ്ങളെ സ്വാധീനിക്കുന്നു. സങ്കടം നിറഞ്ഞ സംഗീതം കേള്‍ക്കുമ്പോള്‍ വിഷാദവും ഉത്സാഹത്തോടെയുളള നല്ല ബീറ്റുളള പാട്ട് കേള്‍ക്കുമ്പോള്‍ ഉേډഷവും നമുക്ക് തോന്നാറുണ്ടല്ലോ. ഈയൊരു തത്വത്തെ മുന്‍നിര്‍ത്തിയാണ് മ്യൂസിക്ക് തെറാപ്പി എന്ന ശാഖ തന്നെ വളര്‍ന്നു വന്നിട്ടുളളത്. തെറാപ്പിയായാലും അല്ലെങ്കിലും സംഗീതത്തിന് നമ്മെ സ്വാധീനിക്കാന്‍ സാധിക്കും. ശാസ്ത്രീയസംഗീതം അഭ്യസിക്കുന്ന കുട്ടികളില്‍ ശ്രദ്ധക്കുറവ് കുറഞ്ഞു വരുന്നതായി കാണാറുണ്ട്. മാത്രമല്ല, സംസാരവൈകല്ല്യമുളള കുട്ടികളിലും സംഗീതാഭ്യാസം ഫലപ്രദമായി കണ്ടു വരുന്നു.
സംഭാഷണങ്ങളിലെ തന്നെ ശബ്ദവ്യത്യാസങ്ങള്‍ വ്യത്യസ്ത വികാരങ്ങള്‍ സൃഷ്ടിക്കുന്നു. ഭയം, ഭീതി, സങ്കടം, വിഷാദം, ദേഷ്യം, വെറുപ്പ് എന്നിവയെല്ലാം നാം ശബ്ദത്തിലൂടെ സൂചിപ്പിക്കാറുണ്ട്. നാം സംസാരിക്കുമ്പോള്‍ ഈ വികാരങ്ങളെല്ലാം ആശയവിനിമയം ചെയ്യാന്‍ മുഖഭാവത്തോടൊപ്പം ശബ്ദവും ഉപയോഗിക്കുന്നു.
ശബ്ദത്തെ നമ്മുടെ മാനസികസ്വാസ്ഥ്യത്തിന് ഉപകാരപ്പെടുംവിധം ഉപയോഗിക്കാറുണ്ട്. മ്യൂസിക്ക് തെറാപ്പിയ്ക്ക് പുറമെ പല രീതികളിലും ശബ്ദത്തെ ഉപയോഗിക്കാം. പലതരം മെഡിറ്റേഷനുകളില്‍ (ധ്യാനം) പലതരം സംഗീതവും ശബ്ദവും ഉപയോഗിക്കുന്നു. മനസ്സിന് ശാന്തത പകരുന്ന സംഗീതം, പ്രകൃതിയുടെ ശബ്ദങ്ങള്‍ (കിളികളുടെ ശബ്ദം, തിരമാലയുടെ ശബ്ദം) എന്നിവയെല്ലാം ധ്യാനത്തിനായി ഉപയോഗിക്കാവുന്നതാണ്. കണ്ണടച്ച് ദീര്‍ഘമായി ഒന്ന് ശ്വസിച്ചതിന് ശേഷം ഈ ശബ്ദങ്ങളില്‍ ശ്രദ്ധയര്‍പ്പിച്ച് പതിനഞ്ച് മിനിറ്റെങ്കിലും ഇരിക്കാം. ചുറ്റുപാടുകളിലേക്ക് ശ്രദ്ധ മാറുമ്പോള്‍ തിരികെ ധ്യാനത്തിനായി ഉപയോഗിക്കുന്ന ശബ്ദത്തിലേക്ക് ശ്രദ്ധ കൊണ്ടു വരാം. നിത്യവും ഇതിനായി സമയം നീക്കി വയ്ക്കാം. നിരന്തരമായി മെഡിറ്റേഷന്‍ ശീലിക്കുന്നവരില്‍ വൈകാരിക നിയന്ത്രണം കൂടുതല്‍ സാധ്യമായതായി പഠനറിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല അവരില്‍ ചിന്താശേഷി വര്‍ദ്ധിക്കുന്നതായും, ഉത്കണ്ഠ, ആശങ്ക, രക്താതിമര്‍ദ്ദം, അക്രമാസക്തത എന്നിവ കുറയുന്നതായും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
ശബ്ദത്തിന്‍റെ മന:ശാസ്ത്രവശങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു ഉദാഹരണമാണ് താരാട്ടുപാട്ടുകള്‍ക്ക് കുഞ്ഞുങ്ങളിലുളള സ്വാധീനം. കുഞ്ഞുങ്ങളുടെ ഗര്‍ഭകാലത്തിലും രണ്ട് വയസ്സു വരെയുളള കാലഘട്ടത്തിലും ശബ്ദശ്രവണത്തിന് അതീവ പ്രാധാന്യമുണ്ട്. ആ സമയത്ത് മറ്റേത് ഇന്ദ്രീയത്തേക്കാളും കുഞ്ഞ് ഈ ലോകത്തെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത് ശ്രവണേന്ദ്രീയം തന്നെയാണ്. പാട്ട് എത്ര മോശമായാലും ഒരമ്മ പാടുന്ന താരാട്ടു പാട്ടിന് കുഞ്ഞിനെ സംബന്ധിച്ചിടത്തോളം മാധുര്യമേറെയാണ്. സ്നേഹത്തോടെ കുഞ്ഞിനെ പുണര്‍ന്ന് മുഖത്ത് നോക്കി പാടുന്ന താരാട്ട് ആ കുഞ്ഞിന് നല്‍കുന്ന സുരക്ഷിതത്വബോധം ചെറുതല്ല. മാത്രമല്ല അത് കുഞ്ഞും അമ്മയും തമ്മിലുളള വൈകാരികബന്ധം ദൃഢമാക്കാനും സഹായിക്കുന്നു. വളര്‍ച്ചയുടെ ആദ്യഘട്ടത്തിലാണ് നമ്മുടെ തലച്ചോര്‍ ഭാഷാപ്രാവീണ്യം നേടിയെടുക്കുന്നത്. അതിനാല്‍ തന്നെ താരാട്ടുപാട്ടുകള്‍ തലച്ചോറിന്‍റെ വികാസത്തിനും അതുവഴി കുഞ്ഞിന്‍റെ ഭാഷാപ്രാവീണ്യത്തിനും വഴിയൊരുക്കുമെന്നതില്‍ സംശയമില്ല. കുഞ്ഞുങ്ങള്‍ക്ക് ഏതു പ്രായത്തിലും മന:ശ്ശാന്തി നല്‍കുന്ന ഒന്നാണ് താരാട്ടുപാട്ടുകള്‍. അതിനാല്‍ തന്നെയാവാം കാലാകാലങ്ങളായി ഏത് സംസ്കാരത്തിലും താരാട്ടുപാട്ടുകള്‍ നിലനിന്നു പോരുന്നത്.
ഇനി ചില മാനസിക അസ്വാസ്ഥ്യങ്ങളിലും ശബ്ദം വില്ലനായി വരാറുണ്ട്. ഇല്ലാത്ത ശബ്ദം കേള്‍ക്കുക എന്നത് ഗുരുതരമായതും ഉടനടിയുളള മാനസികാരോഗ്യ വിദഗ്ദന്‍റെ സേവനം ആവശ്യമായി വരുന്നതുമായ അസുഖങ്ങളുടെ സൂചനയാണ്. സൈക്കോസിസ് എന്ന അവസ്ഥകളിലാണ് ഇത് ഒരു രോഗലക്ഷണമായി കാണാറുളളത്. സ്കീസോഫ്രീനിയ, മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്നീ രോഗങ്ങളിലെല്ലാം ഇല്ലാത്ത ശബ്ദം കേള്‍ക്കുക അഥവാ ഒഡിറ്ററി ഹാലൂസിനേഷന്‍ എന്നത് കാണാറുണ്ട്. ചിലപ്പോള്‍ വെറും ശബ്ദങ്ങളാവാം അല്ലെങ്കില്‍ മറ്റുളളവരുടെ സംസാരമാവാം രോഗി കേള്‍ക്കുന്നത്.
എന്തൊക്കെയായാലും പഞ്ചേന്ദ്രീയങ്ങളില്‍ വച്ച് മനസ്സിനെ ഇത്ര ആഴത്തില്‍ സ്വാധീനിക്കുന്നതില്‍ ശബ്ദത്തിനും ശ്രവണേന്ദ്രീയത്തിനും ഉളള പങ്ക് വളരെ വലുതാണ്. മനസ്സിന്‍റെ ആരോഗ്യത്തിനും മന:ശ്ശാന്തിക്കും തലച്ചോറിന്‍റെ വികാസത്തിനുമെല്ലാം ഉതകുംവിധം എങ്ങനെ ശബ്ദത്തെ ഉപയോഗിക്കാം എന്നും ആരോഗ്യത്തിന് ഹാനികരമായ ശബ്ദത്തിന്‍റെ ഉപയോഗം പ്രത്യേകിച്ചും കലഹങ്ങളും മറ്റും എങ്ങനെ കുറയ്ക്കാം എന്നും നമുക്ക് ചിന്തിക്കാം, വേണ്ട മാറ്റങ്ങള്‍ ജീവതത്തില്‍ പകര്‍ത്തുകയും ചെയ്യാം.